അഴിപ്പുര : വിശുദ്ധന്റെ വാസസ്ഥലം

പരുമല പള്ളിക്ക് പടിഞ്ഞാറ് വടക്കായി നില്‍ക്കുന്ന ചെറിയ ‘അഴിപ്പുര’ പരുമല തിരുമേനിയുടെ ജീവിതത്തിന്റെ ചരിത്രസാക്ഷി. അഴിപ്പുരയ്ക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കില്‍ രാവിലെ നാലുമണിക്ക് തുടങ്ങി രാത്രി 10 മണിക്ക് അവസാനിക്കുന്ന കൊച്ചുതിരുമേനിയുടെ ജീവിതചര്യ അറിയുവാന്‍ നാം കാതോര്‍ക്കുമായിരുന്നു. കൊല്ലം, തുമ്പമണ്‍, നിരണം ഭദ്രാസനങ്ങളെ അഴിപ്പുരയില്‍ ഇരുന്ന് തിരുമേനി ഭരണം നടത്തി. നവീകരണ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ പ്രാര്‍ത്ഥനയോടും ഉപവാസത്തോടുംകൂടി അഴിപ്പുരയ്ക്കകത്ത് തകരവിളക്കിന്റെ നുറുങ്ങുവെട്ടത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അടക്കം ഒട്ടേറെ വൈദികരെ പഠിപ്പിച്ചും വിശ്വാസികളെ  അനുഗ്രഹിച്ചും അതിഥികളെ സ്വീകരിച്ചു. രാത്രിയാമങ്ങളില്‍ എഴുന്നേറ്റ് കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചത് ഇവിടെയാണ്. പരിശുദ്ധന്റെ പരിശുദ്ധിക്ക് കളിത്തൊട്ടിലായ, പരിശുദ്ധന്റെ കാലടികൊണ്ട് പരിശുദ്ധമായ അഴിപ്പുര പെരുന്നാളിനോടനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള അഖണ്ഡപ്രാര്‍ത്ഥനയിലൂടെ വീണ്ടും പവിത്രീകരിക്കപ്പെടുകയായിരുന്നു.